Total Pageviews

Saturday 11 June 2016

സെക്കന്റ്‌ ഷോ 

ഒരു ഇടവേള വന്നു. ഇപ്പൊ വെറുതെ ഇരുന്നു ഓരോന്ന് ആലോചിച്ചപ്പോ എഴുതാൻ തോന്നി.

തൊണ്ണൂറുകളുടെ മദ്ധ്യ കാലം. തൃശൂർ വാസം പാരമ്യത്തിൽ. പ്രസ്സിൽ വെറുതെ വന്നു നോക്കുകൂലി വാങ്ങൽ എന്ന അവസ്ഥ മാറി, അത്യാവശ്യം ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ ഒക്കെ ഇട്ടു തുടങ്ങി. എന്ന് വെച്ചാൽ മഷി കൂടിയാലും, കുറഞ്ഞാലും ഒക്കെ വിളിച്ചു പറയാറായി എന്ന് ചുരുക്കം. സാധാരണ നിലയ്ക്ക് സെപ്റ്റംബർ - ഒക്ടോബർ മാസങ്ങൾ ഓഫ് സീസൻ ആണ്. ഒക്ടോബർ പകുതിയോടെയെ കലണ്ടർ/ ഡയറി/ ഇത്യാതി പണികൾ വന്നു തുടങ്ങുകയുള്ളൂ. എന്നിരുന്നാലും രണ്ടു ഷിഫ്റ്റ്‌ കൃത്യമായി നടക്കുമായിരുന്നു. രാത്രി ഷിഫ്റ്റിൽ തീര്ക്കാൻ ഉള്ള പണികൾ ചാർട്ട് ചെയ്തു വച്ചിരിക്കും. വല്ല്യ നൂലാമാല പണികൾ അല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ ഇടക്ക് ഓരോ പണി പറ്റിക്കും. വൈകീട്ട് 6 മുതൽ 9 വരെ മരിച്ചു പണിയെടുത്തു പിന്നെ നടക്കാൻ ഇറങ്ങും. ആ നടത്തം മിക്കവാറും അവസാനിക്കുനന്ത് പാടൂകാട് ദീപയിലോ, തിരൂർ ഗീതയിലോ ആയിരിക്കും. കൂട്ടിനു JP എന്ന ജയപ്രകാശ്, സേതു ഏട്ടൻ എന്ന സേതുമാധവൻ. രണ്ടു പേരും എൻറെ ആശാന്മാർ. രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിൽ ആയിരുന്നെങ്കിലും കൊസ്രാകൊള്ളി ഒപ്പിക്കുന്നതിൽ ഒരേ മനസ്സായിരുന്നു ഞങ്ങൾക്ക്. പരസ്പ്പര വിശ്വാസവും( ഒറ്റു കൊടുക്കില്ല എന്ന) ബഹുമാനവും എക്കാലവും കാത്തു സൂക്ഷിച്ചു. 
ആയിടെ ആണ് ദേവരാഗം എന്നാ മലയാളം സിൽമ ഇറങ്ങിയത്. ഒരു ദിവസം രാത്രി ഷിഫ്റ്റ്‌ എടുക്കുന്ന സമയം. വിചാരിച്ച അത്ര പണിത്തിരക്ക് ഒന്നും ഇല്ല. എന്നാൽ രാവിലത്തേക്ക് തീര്ക്കാനുള്ള ജോലി ഉണ്ട് താനും. എന്നിരുന്നാലും ശ്രീദേവിയെ കാണുവാൻ ഉള്ള ആക്രാന്തമോ, മോഹമോ എന്തോ .... അന്ന് ഞങ്ങൾ മൂവരും തിരൂർ ഗീതയിൽ പോയി ദേവരാഗം കാണാൻ തീരുമാനിച്ചു; ഒരു വ്യവസ്ഥയിൽ. തിരിച്ചു വന്നിട്ട് പണി തീർക്കണം. എന്നിട്ടേ കിടക്കാൻ പറ്റൂ ... നാളെ ശനിയാഴ്ച  ആയതുകാരണം ഞാൻ മോർണിംഗ് കൂടി ചെയ്തു ഉച്ചക്ക് ശേഷം കോഴിക്കോട്ടേക്ക് പോകാൻ ആണ് പ്ലാൻ. പിന്നെ ഞായറും കഴിഞ്ഞു തിങ്കളാഴ്ച മോർണിംഗ് ഡ്യൂട്ടി. അപ്പോൾ പിന്നെ രാത്രി വന്നിട്ട് കുറച്ചു നേരം നിന്നാലും കുഴപ്പമില്ല. അങ്ങനെ 8.45 പണി നിർത്തി വച്ച് ഭക്ഷണം കഴിച്ചു തിരൂർ ഗീതയെ ലക്ഷ്യമാക്കി ഒരു നടത്തം നടന്നു. നടന്നു പോകുമ്പോൾ പലതും പറഞ്ഞു, ചിരിച്ചു. ടിക്കറ്റ്‌ എടുത്തു സിൽമാക്കളി തുടങ്ങി. ശ്രീദേവിയെ കൺ കുളിർക്കെ കണ്ടു. ആസ്വദിച്ചു. തിരിച്ചും ഒരു നടത്തം. 1 മണിക്ക് പ്രസ്സിൽ തിരിച്ചെത്തി. വേഗം ബാക്കി പണി കൂടി തീർത്തു ഏതാണ്ട് 3.30 മണിയായപ്പോൾ കിടന്നു. അതി രാവിലെ 6 മണിക്ക് ഫോൺ ബെൽ അടിച്ച കേട്ടാണ് ഉണർന്നത്. JP ക്ക് ആണ് ഫോൺ. JP ഇന്ന് പോവണ്ട. ഇന് മോർണിംഗ് ചെയ്തോളൂ. ഒരു അർജന്റ് ബ്രോഷർ ചെയ്യാൻ ഉണ്ട്. അത് JP തന്നെ ചെയ്താലേ ശരിയാവൂ. 4 കളർ ആണ്.
വൈദ്യൻ കല്പിച്ചതും പാൽ എന്ന ഒരു ചിന്തയിൽ JPയുടെ മനസ്സിലും ലഡ്ഡു പൊട്ടി. ശനിയാഴ്ച നൈറ്റ്‌ ഡ്യൂട്ടി അത്ര രസം ഉള്ള കാര്യം ഒന്നും അല്ല. എന്തായലും ഞങ്ങൾ രണ്ടു പേരും കുളിച്ചു അമ്പലത്തിൽ പോയി. നായരുടെ കടയില നിന്നും പതിവ് പോലെ ദോശയും ചട്ടിണിയും കഴിച്ചു 9 മണിക്ക് തന്നെ മിഷ്യന്റെ അരികിൽ  ഹാജരായി. അവണൂർക്കാരൻ മാനേജർ വന്ന പാടെ JP യോട് .

ഇന്നലെ എവിട്യാർന്നു ? ഞാൻ ഇന്നത്തെ ഡ്യൂട്ടി കാര്യം പായാൻ കുറെ വിളിച്ചിരുന്നല്ലോ.

JP  : മിഷ്യൻ ഒടാവോണ്ട് കേക്കാഞ്ഞതാവും. റണ്ണിംഗ് വർക്ക്‌ ആയിരുന്നല്ലോ. അതോണ്ട് സ്പീഡിൽ വിട്ടു.
മാനേജർ അത്ര സുഖമാല്ലാത്ത  രീതിയിൽ ഒന്ന് മൂളിയിട്ട് കാബിനിലേക്ക്‌ പോയി.
അര മണിക്കൂർ കഴിഞ്ഞപ്പോ റിസപ്ഷൻ ചേച്ചീടെ ഇന്റർകോം വിളി. JP നേം വിഷ്നൂനേം സാർ വിളിക്കിണ്ട് ട്ടാ .... 
ചെന്നു. ഭയ ഭക്തി ബഹുമാനത്തോടെ നിഷ്കളങ്ക മുഖഭാവം ഫിറ്റ്‌ ചെയ്തു നിന്നു.
മാനേജർ : ഇന്നലെ ശരിയ്ക്കും ദവെട്യാർന്നു ?
കോറസ് : ഇവടെ ണ്ടാർന്നൂലോ.
മാനേജർ : അയ്‌ ന്നട്ട് പത്തു പയിനഞ്ച്‌ പ്രാവശ്യം വിളിചൂലോ ... ന്തേ കേക്കാഞ്ഞേ......
JP : മിഷ്യൻ ഒടാവോണ്ടേ........ ശബ്ദം അങ്ങട് കേക്കില്ല്യ .അതാവും.
മാനേജർ : ശര്യാ ട്ടാ ... ഇവിടെ ഫോൺ അടിച്ചാൽ ശബ്ദം അവടെ വരെ കേക്കാൻ ബുദ്ധിമുട്ടാ ... ദൂരം കൊറേ ണ്ടല്ലോ ! 

ഞങ്ങൾ നിന്ന് വിയർത്തു. 
ഉടനെ എന്റെ നേരെ തിരിഞ്ഞു .
ഡാ നീ മൊട്ട കഴിയ്ക്കോ ?
ഞാൻ : ഏയ്‌ ഇല്ല്യ. 
അപ്പൊ നീ ഇന്നലെ ഇന്റർവെല്ലില് എന്തൂട്ടാ തിന്നണ കണ്ടേ? മുട്ടാമ്പ്ലെറ്റല്ലേ 
ഠിം . ...... എല്ലാം പോയി....എല്ലാ കള്ളത്തരവും പിടിക്കപ്പെട്ടിരിക്കുന്നു.

അതേ...... പോവുമ്പോ ഒന്ന് പറഞ്ഞട്ട് പോക്കൊളോ ..  നിങ്ങൾ രാത്രി വരണ വഴി വല്ലോരും തല്ലി കൊന്നു പാടതിട്ടാൽ ഞാനാ തൂങ്ങാ .... 
പൊക്കൊ .. പോയി പണി തീർക്ക് ...... നാട്ടിൽക്ക് പോണ്ടേ വൈന്നേരം .... 

ന്യൂ ജൻ ഭാഷയിൽ പറഞ്ഞാൽ .. ഞങ്ങൾ പ്ലിങ്കിതരായി തിരിച്ചു നടന്നു.


വാൽകഷ്ണം :- ഇപ്പോൾ ഈ സംഭവം ഓർക്കാനും കുത്തികുറിയ്ക്കാനും രണ്ടു കാരണങ്ങൾ ആണ് ഉണ്ടായത്.

1) JP കഴിഞ്ഞ വർഷം അബുദാബിയിൽ വെച്ച്  ഞങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഫുട്ബാൾ കളി കഴിഞ്ഞു വന്നു ചായ കുടിക്കാൻ ഇരുന്നതാ.... അവടെ കുഴഞ്ഞു വീണു മരിച്ചു.

2) സേതു ഏട്ടൻ അബുദാബിയിലെ ജോലി വിട്ടു നാട്ടിലേക്ക് തിരിച്ചു പോയി കൃഷിയും കാര്യങ്ങളും ഒക്കെ ആയി നടക്കാൻ തീരുമാനിച്ചു....  ഇന്നലെ പോയിക്കാണും .. നാട്ടിൽ  വന്നാൽ ഒരു ചളവറ (ഷോർണൂർ) യാത്ര ഉറപ്പായി