Total Pageviews

Monday 1 August 2016

കർക്കിടക വാവ് - ബലിതർപ്പണം ഒരു ഓർമ്മ ! 

ഈ പോസ്റ്റ് ആരെയും വേദനിപ്പിക്കാനോ, ആരുടേയും വികാരങ്ങളെ ഹാനിപ്പിക്കാനോ വേണ്ടി അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ !! 

ഈ കർക്കിടക വാവൊക്കെ ഇപ്പൊ ഒരു 15 കൊല്ലായിട്ടു വന്ന, മ്മടെ പൂവാലൻസ് ഡേ, അക്ഷയ തൃതീയ ഒക്കെ പോലെ വാണീജ്യവൽക്കരിക്കപ്പെടുന്ന ഒരു കാലഘട്ടം ആണെന്ന് വിഷമത്തോടെ പറയട്ടെ. ( ആരുടേയും വിശ്വാസത്തെ ഹനിക്കുന്നില്ല. മുൻപും നല്ല വിശ്വാസത്തോടെ ബലിതർപ്പണം നടത്തിപ്പിക്കുന്നവർ ഉണ്ടായിരുന്നു). ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു അതാത് കാരണവന്മാരുടെ ശ്രാദ്ധം അതാത് ദിവസങ്ങളിൽ ചെയ്യുന്ന ഒരു രീതി ആയിരുന്നു. മാത്രമല്ല, തിരുന്നെല്ലിയിൽ പോയി വേണ്ടത് ചെയ്‌താൽ പിന്നെ ഒന്നും ചെയ്യേണ്ടതില്ല എന്നൊരു അനൂകൂല വിശ്വാസം കൂടി ഉണ്ടായിരുന്നു. 

അങ്ങനെയിരിക്കുന്ന അവസരത്തിൽ ആണ് ഒരിക്കൽ മുത്തശ്ശന്റെ ചാത്തം ( ശ്രാദ്ധം) വന്നു ചേർന്നത്. അന്ന് രാവിലെ അച്ഛനൊക്കെ കുളിച്ചു ശുദ്ധം ആയി, കവ്യം ( ബലി തൂവുന്ന ചോറിനു അങ്ങന്യാ പറഞ്ഞിരുന്നത്) വെച്ച് കാത്തു നിൽക്കുന്നു. ഒരു 7.30 ആയപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം .... നോക്കുമ്പോൾ ചാത്തം ഊട്ടാൻ ഏറ്റ നമ്പൂരി, ഒരു ഓണം ഘോഷയാത്രയെ ഒക്കെ ഓർമ്മിപ്പിക്കുന്ന പോലെ തറ്റൊക്കെ ഉടുത്തു, ഭസ്മം നനച്ചു കുറി ഇട്ടു വന്നു. ഒന്നൊര മണിക്കൂറിൽ പരിപാടികൾ തീർത്തു ഇടിലി ചട്ടിണി കാപ്പി കഴിച്ചു വന്നു. നേരെ ബാഗ് തുറന്നു ഷർട്ടും പാന്റും ഇട്ടു. ഷൂ എടുത്ത് ഇട്ടു. ഒരു പ്രമുഖ കമ്പനിയുടെ മാർക്കറ്റിങ് ഹെഡ് ആയ അദ്ദേഹംനേരെ ആപ്പീസിലേക്ക്. !! നവയുഗ ചാത്തം ഊട്ട് ! ( പറഞ്ഞിട്ട് കാര്യം ഇല്ല്യ. എല്ലാവരും ഉദ്യോഗസ്ഥർ ആണല്ലോ) 

 അങ്ങനെ എല്ലാം കഴ്ഞ്ഞു ഇങ്ങനെ ഇരിക്കുന്ന സമയത്താണ് വല്യച്ഛൻ ഒരു രസകരമായ സംഭവം പറഞ്ഞത് ( ശരിയാണോ എന്ന് ഇപ്പോഴും അറിയില്ല.) 

പണ്ടൊക്കെ ചാത്തം എന്ന് പറഞ്ഞാൽ രാവിലെ എണീറ്റ് മാറ്റ് ( കർമ്മം ചെയ്യുമ്പോൾ ഉടുക്കുന്ന ഇണതോർത്ത്)ഒക്കെ കഴുകി ഉണക്കാൻ ഇടും. അത് ഉണങ്ങീട്ടു വേണം ചാത്തം തുടങ്ങാൻ. അങ്ങനെ നോക്കി ഇരിക്കുമ്പോൾ ആണ് മുറ്റത്തുകൂടെ ഒരു പട്ടി ഓടി പോയത് ! ഉടനെ ഇല്ലത്തെ ഒയ്ക്കൻ നമ്പൂരിക്ക്  സംശയം! ... ആ പട്ടിയുടെ വാല് മാറ്റിൽ തൊട്ടോ ? തൊട്ടെങ്കിൽ അത് അശുദ്ധം ആയിട്ടുണ്ടാവും. തീർച്ച ! പിന്നെ ആദ്യേ ഒക്കെ മുക്കി ഇടണം ! ആകെ സംശയം ആയി ... ഇനീപ്പോ എന്താ വേണ്ടേ എന്നായി. വല്യമ്പൂരി ഒരു പരിഹാരം കണ്ടു. ഇല്ലത്തെ ഏതെങ്കിലും ഉണ്ണ്യമ്പൂരിയെ വിളിക്കാൻ പറഞ്ഞു. ഒരു ഉണ്ണ്യമ്പൂരി വന്നു. 

വല്യമ്പൂരി : ഒരു അരിവാൾ എടുത്തു ഓന്റെ പിന്നിൽ തിരുകി വെക്ക്.
അതുപോലെ ചെയ്തു .....
വല്യമ്പൂരി : ഇനി ഓൻ മുട്ടുകുത്തി ആ മാറ്റിന്റെ അടീക്കൂടെ നടക്കട്ടെ. അരിവാളിന്റെ തുമ്പു മാറ്റിൽ തൊട്ടാൽ പട്ടീടെ വാലും തൊട്ടൂ ന്നു കണക്കാക്കാം ! 

വല്യമ്പൂരി പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല്യാലോ. ഉണ്ണ്യമ്പൂരി അരിവാൾ പിന്നിൽ തിരുകി മുട്ടുകുത്തി മാറ്റിന്റെ അടിയിൽക്കൂടി നടന്നു. 

തൃപ്തി പോരാ .... റീപ്ലേ ... സ്ലോമോഷൻ ! ഒരു റണൗട്ട് വിധിക്കാൻ ഉത്തരവാദപ്പെട്ട ഒരു തേഡ് അമ്പയറെ പോലെ ... ഒരു മൂന്നു നാല് പ്രാവശ്യം ആ പാവം ഉണ്ണ്യമ്പൂരിക്ക് അങ്ങടും ഇങ്ങടും മുട്ടിന്മേൽ നടക്കേണ്ട വന്നു !

അവസാനം പച്ച ലൈറ്റ് കത്തി ! .... "മാറ്റ് ഈസ് ഇൻ" 

അപ്പോൾ ശരിക്ക് ശ്വാസം നേരെ വീണത് പ്രധാന ചാത്തം ഊട്ടുകാരൻ ആയ ചെറിയമ്പൂരിക്ക് ആണ് ! ( കാരണം ഇത് കഴിഞ്ഞിട്ട് വേണം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പോയി പേര് രജിസ്‌ട്രേഷൻ പുതുക്കാൻ !!)

3 comments: